അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 11-ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നൽകിയ മൊഴി കോടതിയിൽ നിഷേധിച്ചത്. മധുവിനെ പ്രതികൾ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ചന്ദ്രൻ ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രൻ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു.
10–ാം സാക്ഷി ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന് മധുവിന്റെ കുടുംബാംഗങ്ങൾ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ അഗളി പൊലീസിൽ പരാതിയും നിലനിൽക്കുന്നുണ്ട്. മണ്ണാർക്കാട് കോടതിയിൽ സാക്ഷി വിസ്താരം വെള്ളിയാഴ്ചയും തുടരും.2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്.