തിരുവനന്തപുരം: മദ്യവും ബീയറും വൈനും ഏതു വലിപ്പത്തിലുള്ള പായ്ക്കറ്റുകളിലും വിൽക്കുന്നതിനു നൽകിയ അനുമതി വിവാദമാകുമെന്ന് ഭയന്ന് സർക്കാർ പിൻവലിച്ചു. 180 മില്ലി ലീറ്റർ മുതൽ മൂന്നു ലീറ്റർ വരെ പായ്ക്ക് സൈസിൽ മദ്യം വിൽക്കാനാണ് നിലവിൽ അനുമതിയുളളത്. എന്നാൽ, ഏത് അളവിലും മദ്യവും ബീയറും വൈനും വിപണിയിലെത്തിക്കാനാണു നികുതി വകുപ്പ് അനുമതി നൽകിയത്. ഇതനുസരിച്ച് ബവ്റിജസ് കോർപറേഷൻ എംഡി മദ്യവിതരണക്കാർക്ക് കത്തയച്ചു. എന്നാൽ, മദ്യനയം പ്രഖ്യാപിച്ചശേഷം അതിനു വിരുദ്ധമായി ഇറക്കിയ ഉത്തരവ് സർക്കാരിനെ ഞെട്ടിച്ചു. ഉത്തരവ് പിൻവലിക്കാൻ മന്ത്രിതലത്തിൽ നിന്നാണ് നിർദേശം വന്നത്.
180 മില്ലി ലീറ്ററിൽ താഴെയുള്ള അളവിൽ മദ്യം വിൽക്കുന്നത് നിരോധിച്ചിട്ടുള്ളതിനാലും, ഈ സാമ്പത്തിക വർഷത്തെ മദ്യ നയത്തിൽ ഇതിൽ മാറ്റം വരുത്തിയിട്ടില്ലാത്തതിനാലും അധിക പായ്ക്ക് സൈസിൽ മദ്യം വിൽക്കുന്നതിനു നൽകിയ അനുമതി റദ്ദാക്കുകയാണെന്ന് നികുതി (എ) വകുപ്പ് ബവ്റിജസ് കോർപറേഷനു നൽകിയ കത്തിൽ പറയുന്നു.
സംസ്ഥാനത്ത് കെഗ് ബീയറും, ക്രാഫ്റ്റ് ബീയറും വിൽക്കുന്നതിന് ഏപ്രിലിൽ ബവ്റിജസ് കോർപറേഷൻ അനുമതി തേടിയിരുന്നു. നിലവിൽ കുപ്പിയിലും കാനിലുമാണ് ബീയർ വിൽക്കുന്നത്. അനുമതി ലഭിച്ചാൽ ലീറ്റർ കണക്കിനു ബീയർ കെഗ്, ക്രാഫ്റ്റ് വിഭാഗത്തിൽ വിൽക്കാൻ കഴിയുമായിരുന്നു. ഇതിനായാണ് മദ്യവും ബീയറും വൈനും അധിക പായ്ക്ക് സൈസിൽ വിൽപന നടത്താന്‍ അനുമതി നൽകിയതെന്നാണു ലഭിക്കുന്ന വിവരം. എന്നാൽ, സർക്കാർ ഈ തീരുമാനം തള്ളി.
നയത്തിനു വിരുദ്ധമായി ഉത്തരവിറക്കിയ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടർന്ന്, മദ്യനയത്തിൽ ഉൾപ്പെടുത്താത്തതിനാൽ കെഗ്, ക്രാഫ്റ്റ് ബീയറുകൾ വിൽക്കുന്നതിന് അനുമതി നൽകാന്‍ കഴിയില്ലെന്ന് ഇന്നലെ നികുതി വകുപ്പ് ബവ്റിജസ് കോർപറേഷനു കത്തു നൽകി.