തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവന രഹിതരുമായ അര്‍ഹരായ മുഴുവനാളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം കരട് പട്ടിക തയ്യാറായതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാകും.
വെള്ളിയാഴ്‌ച തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്. ഇതില്‍ 1,03,957 പേര്‍ പട്ടികജാതി വിഭാഗത്തിലും 15,163 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെട്ടവരാണ്. ജനറല്‍ വിഭാഗത്തിലുള്ള 3,95,261 പേരും പട്ടികയിലുണ്ട്. ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അപ്പീലിന് അവസരമുണ്ട്. ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയത്. പട്ടിക സംബന്ധിച്ച രേഖകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി (അര്‍ബന്‍) ബിജു പ്രഭാകര്‍ ഐ എ എസ് മന്ത്രിക്ക് കൈമാറി.
രണ്ട് ഘട്ടമായി അപ്പീലിന് അവസരം
ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും, മുൻസിപ്പാലിറ്റി/കോർപ്പറേഷനിലെ ആക്ഷേപങ്ങൾ നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. അപ്പീലും ആക്ഷേപങ്ങളും മാത്രമേ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കുകയുള്ളൂ, പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമർപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളിൽ ഹെൽപ് ഡെസ്ക് ഒരുക്കും. ഇതിന് പുറമേ അക്ഷയാ സെന്റർ മുഖാന്തരം അപ്പീൽ നൽകാം. പൊതുജനങ്ങൾക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. ജൂണ്‍ 17നുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കണം. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാം.
രണ്ടാം ഘട്ട അപ്പീൽ പരിഗണിക്കുന്നത് കളക്ടർ അധ്യക്ഷനും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ്. ഓൺലൈനായി അപ്പീൽ/ആക്ഷേപം നൽകണം. പുതിയ അപേക്ഷകൾ സമർപ്പിക്കാൻ കഴിയില്ല. ജൂലൈ 8നകം ഈ അപ്പീല്‍ നല്‍കണം. പരിശോധനയ്ക്ക് ശേഷം ജൂലൈ 22ന് രണ്ടാം ഘട്ട അപ്പീല്‍ തീര്‍പ്പാക്കിയതിന് ശേഷമുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കും.
അന്തിമ പട്ടിക ആഗസ്റ്റ് 16ന്
രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഓരോ പഞ്ചായത്ത്/നഗരസഭ ഭരണസമിതികൾ ചർച്ച ചെയ്യും. അതിന് ശേഷം ഗ്രാമസഭകളിലും വാർഡ് സഭകളിലും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കും. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാൻ അധികാരമുണ്ട്.
ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികൾ പരിഗണിക്കും. ആഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും. ശേഷം ആഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക വെബ്സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും. അർഹരായ ഒരാൾ പോലും ഒഴിവായിപ്പോയിട്ടില്ലെന്നും, അനർഹരായ ഒരാളും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കാനാണ് ഇത്രയും വിപുലമായ അപ്പീൽ/ പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ലൈഫ് ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിന് പുറമേ 34,374 വീടുകള്‍ നിര്‍മ്മാണത്തിലാണ്. 27 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇതിന് പുറമേ അതിദാരിദ്ര സര്‍വേയില്‍ കണ്ടെത്തിയ ഭവനരഹിതര്‍ക്കും ലൈഫ് വീടുകള്‍ നല്‍കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ലയങ്ങളില്‍ താമസിക്കുന്നവരുടെ വീടുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിതല ചര്‍ച്ച ഇക്കാര്യത്തില്‍ നടത്തി ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.