തിരുവനന്തപുരം : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തി എന്ന ആരോപണത്തിൽ സ്വപ്ന, ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.