ദില്ലി : പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഇന്ന് തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്. അതേസമയം നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായകയമാണ്. മഹാരാഷ്ട്ര, രാജസ്ഥാന്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാട് ഫലം തീരുമാനിക്കുന്ന ഘടകമാകും. 6 സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ് ,എന്‍സിപി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനക്കും ബിജെപിക്കും സ്ഥാനാര്‍ത്ഥികളുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. മറുഭാഗത്താകട്ടെ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ അമര്‍ഷം ശക്തമാണ്. കർണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കുതിര കച്ചവടം തടയാന്‍ കക്ഷികള്‍ നേരത്തെ തന്നെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.