ഇടുക്കി : സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ വിധിക്കെതിരെ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുകയാണ്. എൽഡിഎഫ് ഇടുക്കി ജില്ല കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിധി റദ്ദാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണെമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിൽ നിന്ന് അവശ്യസർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കോടതിവിധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിസംഗതക്കെതിരെ 16ന് യുഡിഎഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ ഏഴു ദിവസത്തെ നോട്ടീസ് നൽകാതെ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ യുഡിഎഫും ബിജെപിയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.