പാലക്കാട് : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത് ഞങ്ങളല്ല. സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സിപിഎം നേതാക്കളാണ്. സരിത്തിനെ കസ്റ്റഡിയിൽ എടുക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വാ തുറന്നിട്ടില്ല. മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
അതേസമയം, സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളി. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.