തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുഴുവൻ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാധ്യമപ്രവർത്തകൻ ഷാജ് കിരൺ പൊലീസ് അയച്ച ഇടനിലക്കാരൻ ആയിരുന്നോയെന്ന് സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഷാജ് കിരൺ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെയാണ് സതീശന്റെ പ്രതികരണം.
പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറി നിൽക്കണം. മുഖ്യമന്ത്രി പേടിക്കേണ്ട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞപ്പോലെ പിണറായിയെ കോൺഗ്രസുകാർ കല്ലെറിയില്ല. സ്വപ്നയുടെ ആരോപണങ്ങൾ കേന്ദ്ര അന്വേഷണ എജൻസി അന്വേഷിക്കാത്തത് ബിജെപി–സിപിഎം ധാരണമൂലമാണെന്നും സതീശന് ആരോപിച്ചു.