റിയാദ്: സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടർ വിണ്ടും നിറയ്‍ക്കുന്നതിനുള്ള ചാർജ്ജ് 18.85 റിയാലായി. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനിയായ ‘ഗ്യാസ്കോ’ കസ്റ്റമർ കെയർ വിഭാഗമാണ് ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് മൂല്യവർധിത നികുതി ഉൾപ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്.
വിതരണ സ്റ്റേഷനുകളിൽനിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതില്‍ ഉൾപ്പെടില്ല. ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷൻ അറിയാനാകും. ഊർജ്ജ, ജല ഉൽപന്നങ്ങളുടെ നിരക്കുകൾക്ക് അനുസൃതമായാണ് വാർഷംതോറും സൗദി അറേബ്യയില്‍ ഗ്യാസ്, മണ്ണെണ്ണ വിലയും പുനഃപരിശോധിക്കുന്നത്.