കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടെ സംസ്ഥാന വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയതിൽ ദുരൂഹത വര്‍ധിക്കുകയാണ്. വിജിലൻസ് മേധാവിയെ മാറ്റിയത് ആക്ഷേപം ഉയർന്നത് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. വിജിലൻസ് മേധാവിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചില നടപടികൾക്കെതിരെ ആക്ഷേപം ഉണ്ടായിട്ടുണ്ട്. അത്തരം ചെയ്തികളോട് സര്‍ക്കാര്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്. സ്വര്‍ണ്ണക്കടത്ത് വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് പാർട്ടിയല്ല പകരം സർക്കാരാണ്. കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി കണ്ണൂരിൽ ആവര്‍ത്തിച്ചു.