കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാനുള്ള ശ്രമമുണ്ടായതോടെ പലയിടത്തും കറുത്ത മാസ്ക് ധരിച്ചെത്തുന്നവരെ പോലും തടഞ്ഞിരുന്നു. കോട്ടയത്തും കൊച്ചിയിലും കറുത്ത മാസ്ക് ധരിച്ചവരെ പരിപാടികളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. കൊച്ചിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരോട് പോലും മാസ്ക് നീക്കാൻ ആവശ്യപ്പെട്ടു. കലൂരിൽ കറുത്ത ചുരിദാർ ധരിച്ചെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ പൊലീസ് തടഞ്ഞിരുന്നു. കറുത്ത വസ്ത്രമാണോ കാരണമെന്ന് ചോദിച്ച് ഇവർ പ്രതിഷേധിക്കുകയും ചെയ്തു.
പ്രതിഷേധം കണക്കിലെടുത്ത് കറുത്ത നിറത്തിലുള്ള എല്ലാറ്റിനെയും തടയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. ‘ശ്രദ്ധിച്ചോ’ എന്ന അടിക്കുറിപ്പോടെ കാക്കയുടെ ചിത്രമാണ് ഷാഫി പറമ്പിൽ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത്. ഒട്ടും വൈകാതെ പോസ്റ്റ് വൈറലാവുകയും ചെയ്തു.