തൃശൂർ: ഒരാഴ്ച മുമ്പേ താൻ നൽകിയ പരാതിയിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയതെന്നും ‘പിണറായി ഡാ’ എന്ന് പോസ്റ്റ് ഇടുന്നവർ ഇക്കാര്യം അറിയണമെന്നും മതസ്പർധ വളർത്താൻ ശ്രമിച്ചതിന് സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ പരാതി നൽകിയ അഡ്വ. വി.ആർ. അനൂപ്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന അനൂപിന്റെ പരാതിയിലാണ് കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് കേസ് എടുത്തത്.
എന്നാൽ, സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുൻപ് കൃഷ്ണരാജിന് എതിരെ താൻ കൊടുത്ത കേസ് ആണിതെന്ന് അനൂപ് വ്യക്തമാക്കി. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്.ഐ.ആറിലുണ്ട്. ഒരാഴ്ചയിലധികം ആയി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത് -അനൂപ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇപ്പോൾ സ്വപ്ന സീനിൽ വന്നത് കൊണ്ട് തന്നെ ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വപ്നയുടെ കേസ് വെച്ച്, ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കേണ്ട. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ സർക്കാറിന്റേയും’ -അനൂപ് ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
ഏതാനും ദിവസംമുമ്പാണ് താടിവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഫോട്ടോ ഫേസ്ബുക്കിൽ ഷെയർചെയത് മതപരമായി അധിക്ഷേപിക്കുന്ന തരത്തിൽ കൃഷ്ണരാജ് കുറിപ്പ് എഴുതിയത്. ഇതിനെതിരെ അനൂപ് പരാതി നൽകുകയായിരുന്നു. ഐ.പി.സി 295 എ പ്രകാരമാണ് കേസ് എടുത്തത്. ‘KSRTC ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവിസ് നടത്തുന്നു’ എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പ്രവാചക നിന്ദ പ്രസ്താവന നടത്തിയതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും അനൂപ് പരാതി നൽകിയിട്ടുണ്ട്.
കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫിന്റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിദ്വേഷ പ്രചരണം. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ യൂണിഫോമായ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, ഫോട്ടോയുടെ ബ്രൈറ്റ്നെസ് കൂട്ടി, വെള്ള നിറമെന്ന് തോന്നിക്കുന്ന തരത്തിലാക്കിയായിരുന്നു പ്രചാരണം.
ഡ്രൈവർ ഫുൾ സ്ലീവ് ഷർട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോർത്തും വിരിച്ചിരുന്നു. ഇത് കുർത്തയാണെന്ന തരത്തിലായിരുന്നു സംഘ്പരിവാർ നേതാക്കൾ അടക്കമുള്ളവർ വ്യാഖ്യാനിച്ചത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ യൂണിഫോമിന്റെ സർക്കുലറിൽ ആകാശനീല ഷർട്ട് ധരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഹാഫ് സ്ലീവോ ഫുൾ സ്ലീവോ ധരിക്കാം. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിന് വിലക്കുമില്ല. എന്നാൽ, അഷ്റഫിന്റെ ഫോട്ടോ ഉപയോഗിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ ‘താലിബാനി’ എന്നടകം ആക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം അഴിച്ചുവിടുകയായിരുന്നു. ഒടുവിൽ കെ.എസ്.ആർ.ടി.സി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രസ്താവന പുറത്തിറക്കിയിരുന്നു.