തിരുവവനന്തപുരം: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ പ്രതികരണവുമായി എംഎ ബേബി. യുപിയിൽ പ്രവാചക നിന്ദയുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന് എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല ! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചു നിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു എന്നതാണ് അവസ്ഥയെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചു.
ജനാധിപത്യത്തെ ബുൾഡോസർ ചെയ്യുന്ന ബിജെപി എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിൽ, പ്രവാചകൻ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകൾ ആണ് ഇടിച്ചു നിരത്തുന്നതെന്നും ആരോപിക്കുന്നു. പ്രശ്നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.