പാലക്കാട്: സ്വന്തം നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്നു കഴിഞ്ഞ ദിവസവും സ്വപ്ന പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി താമസ സ്ഥലത്തിന്റെ പരിധിയിലുള്ള പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി സ്വപ്ന ഒപ്പിട്ടു മടങ്ങി. ഉച്ചയോടെ അഭിഭാഷകനെ കാണുന്നതിനായി എറണാകുളത്തേക്കു പോകും. സ്വപ്നയുടെ ഫ്ളാറ്റിലും പരിസരത്തും രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെ പൊലീസ് നിരീക്ഷണമുണ്ട്. കെ.ടി. ജലീലിന്റെ പരാതിയിൽ എടുത്ത പൊലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങി. കൃഷ്ണരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ മതനിന്ദ കുറ്റമാണ് എറണാകുളം സെൻട്രല്‍ പൊലീസ് ചുമത്തിയത്.