ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദില്ലിയിലും പ്രതിഷേധം. എന്‍എസ്‍യു – കെഎസ്‍യു പ്രവർത്തകരാണ് കേരള ഹൗസിന് മുന്നില്‍ നിന്ന് ജന്തർ മന്തറിലേക്ക് കറുത്ത മാസ്ക്ക് ധരിച്ചും പ്ലക്കാർഡുകളേന്തിയും പ്രതിഷേധ മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ കേരള ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലുക്ക്ഔട്ട് നോട്ടീസും പതിച്ചു. അതേസമയം, കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി പ്രതിഷേധം നടത്തി. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് എരഞ്ഞിപ്പാലത്ത് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമായിരുന്നു മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യ പരിപാടി. ആദ്യ വേദിയില്‍ തന്നെ പ്രതിഷേധവുമായി കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. തുടർന്ന് നാല് മണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടന്ന വേദിയിലും പ്രതിഷേധക്കാര്‍ എത്തിയരുന്നു. കോഴിക്കോട് കാരപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ എത്തിയ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹകരണ ആശുപത്രിയിലെ വേദിക്ക് സമീപത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ വേദിക്ക് സമീപത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വൈകീട്ട് 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്നാണ് സംഘാടക സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാവിലെ മലപ്പുറം ജില്ലയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം അടക്കം കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. തവനൂരിൽ മുഖ്യമന്ത്രി സംസാരിച്ച് കൊണ്ടിരുന്ന വേദിയ്ക്ക് പുറത്ത് പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.