കൊച്ചി : മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഉന്നയിക്കും.
നേരത്തെ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. സ്വപ്ന സുരേഷിന് പുറമെ പി സി ജോർജ്ജും കേസിൽ പ്രതിയാണ്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തി സ്വപ്ന സുരേഷ് അഭിഭാഷകനായ കൃഷ്ണരാജിനെ കണ്ടിരുന്നു. ഇതിന് ശേഷം വൈകിട്ട് മാധ്യമപ്രവർത്തകരെ കണ്ട സ്വപ്ന, ജലീലിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ രണ്ട് ദിവസത്തിനകം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തുന്നത് സര്‍ക്കാരും ജലീലുമാണെന്നും അവർ പറഞ്ഞു. രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്നും സ്വപ്ന മാധ്യമങ്ങളോട് വിശദീകരിച്ചു. ഷാജ് കിരണിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന ചോദ്യവും ഉന്നയിച്ചു. ഒരു ഗൂഢാലോചനയും താൻ നടത്തിയിട്ടില്ലെന്നും രഹസ്യമൊഴിയില്‍ കെ ടി ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
ജലീൽ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിൻവലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്‍റെ സുരക്ഷ താൻ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ സ്വപ്ന, പൊലീസ് സംരക്ഷണം വേണ്ടെന്നും വ്യക്തമാക്കി. രണ്ട് ദിവസം ജലീൽ വിയർക്കട്ടെയെന്നായിരുന്നു സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിന്‍റെ പ്രതികരണം.