മംഗളൂരു : അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിക്കാൻ വാർഡൻ മൊബൈൽ ഫോൺ നൽകിയില്ലെന്നാരോപിച്ച് യപൂർത്തിയാകാത്ത ആൺകുട്ടി സ്‌കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കി. ബംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂർവജ് (14) ആണ് ആത്മഹത്യ ചെയ്തത്. ജന്മദിനത്തിൽ (ജൂൺ 11) അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കാൻ വിദ്യാർത്ഥി വാർഡനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വാർഡൻ ഫോൺ നൽകിയില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സംസാരിക്കാൻ അനുവദിക്കാത്തതിനാൽ അവർക്ക് അവനോട് സംസാരിക്കാനും കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇതോടെ തകർന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്പാണ് പൂർവജ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ പൂർവജിനെ മരിച്ച നിലയിൽ കാണുകയും ഹോസ്റ്റൽ മാനേജ്മെന്റിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ പിന്നീട് ഹോസ്റ്റലിൽ എത്തിയതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.




















