പത്തനംതിട്ട : സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാൻ ബിജെപി കോർ കമ്മിറ്റി യോഗം തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി എത്രയും വേഗം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകാൻ തയ്യാറാകണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണ ഏജൻസിക്ക് മുന്നിൽ എല്ലാം തുറന്നുപറയാൻ തയ്യാറാകണം. എത്രകാലം ജനങ്ങളെ ഭയന്ന് പോകാൻ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബിജെപിയാണ്. ആ ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ബിജെപി ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണ്. കേരളത്തിലേക്ക് കടത്തിയ സ്വർണത്തിന്റഎ ഒരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സ്വപ്നയുടെ 164 മൊഴിയിലുള്ളത്. സ്വർണത്തിന്റെ ഒരു ഭാഗം ശിവശങ്കറിന് കിട്ടുന്നു, സ്വപ്നയ്ക്ക് കിട്ടുന്നു, സരിത്തിന് കിട്ടുന്നു. അതേപോലെ ഒരു ഭാഗം മുഖ്യമന്ത്രിക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.