തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പോലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്‍ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ വിലക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായും ഡിജിപി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും ഡിജിപി പറഞ്ഞു. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവെർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിതായും അനിൽകാന്ത് അറിയിച്ചു.
ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്. ചില പ്രത്യേക തരം വസ്ത്രങ്ങൾ പാടില്ലെന്ന നിർദേശമുണ്ടെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. ചില നിക്ഷിപ്തതാത്പര്യക്കാരാണ് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് കറുത്ത മാസ്‌കും വസ്ത്രവും തടയുന്നു എന്ന പ്രചാരണമെന്നും കണ്ണൂരിൽ നടക്കുന്ന ഗ്രന്ഥശാല പ്രവർത്തക സംസ്ഥാന സംഗമത്തിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു.