ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി. സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ സോണിയയെ കാണാൻ എത്തിയത്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് രാഹുൽ ഇഡി ഓഫിസ് വിട്ടത്. സോണിയയെ സന്ദർശിച്ച ശേഷം രാഹുൽ വീണ്ടും ഇഡി ഓഫിസിലേക്കു പോയി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് സോണിയ.
നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള രാഹുൽ ഗാന്ധിയുടെ ആസ്തികളെ കുറിച്ചും ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമാണ് ആദ്യ ഘട്ടത്തിൽ ഇഡി ചോദിച്ചതെന്നാണ് വിവരം. രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
അതിനിടെ ഇഡി ഓഫിസിലേക്ക് രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രകടനവുമായെത്തിയ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു നേരെ പൊലീസിന്റെ ആക്രമണമുണ്ടായി. കെ.സി. വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥർ പിടിച്ചുതള്ളുകയും നെഞ്ചിന് മർദിച്ചെന്നുമാണു പരാതി. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിലെ ഇഡി ഓഫിസിലേക്കു മാർച്ചു നടത്തിയ 250 ഓളം കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.