പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വീണ്ടും പരാതി. കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി സിപിഎം നേതാവ് സിപി പ്രമോദാണ് പാലക്കാട് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. നേരത്തെ കൊടുത്ത മൊഴികൾക്ക് എതിരായ പരസ്യ പ്രസ്താവന നടത്തി സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ സ്വപ്ന ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്താൻ സ്വപ്ന സുരേഷ് ശ്രമിക്കുന്നെന്ന് പരാതിയിൽ പറയുന്നു. സ്വപ്ന സുരേഷ് പറയുന്ന തെറ്റായ കാര്യങ്ങൾ ചിലരെ സ്വാധീനിക്കുന്നു. ചിലർ വിശ്വാസത്തിൽ എടുത്ത് ആക്രമണത്തിന് മുതിരുന്നു. നിലവിലെ ആക്രമണങ്ങൾക്ക് കാരണം സ്വപ്ന കൊടുത്ത തെറ്റായ മൊഴിയാണ്. ഇത് അന്വേഷിച്ച് പൊലീസ് സത്യം പുറത്തു കൊണ്ടുവരണം എന്നാണ് പരാതിയിൽ പ്രമോദ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു സിപി പ്രമോദ്.
മുൻ മന്ത്രി കെടി ജലീൽ നേരത്തെ സ്വപ്നയ്ക്ക് എതിരെ സമാനമായ പരാതി നൽകിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ നേരിട്ടെത്തിയായിരുന്നു കെടി ജലീൽ സ്വപ്നയ്ക്ക് എതിരെ ഗൂഢാലോചന നടത്തി സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന് പരാതിപ്പെട്ടത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. അതേസമയം ഇന്നത്തെ സംഭവങ്ങൾ ഉയർത്തിക്കാട്ടി കേസിൽ സ്വപ്നയ്ക്ക് എതിരെ ശക്തമായി മുന്നോട്ട് പോകാനായിരിക്കും പ്രോസിക്യൂഷൻ ശ്രമിക്കുക.