ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി (Rahul Gandhi) കഴിഞ്ഞ ദിവസം ഹാജരായത്. ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ച് നടത്താന്‍ നീക്കം നട്ടതിയെങ്കിലും ഇത് ദില്ലി പൊലീസ് തടഞ്ഞിരുന്നു. രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു.
ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ നേതാക്കളും പ്രവര്‍ത്തകരും ഇഡി ഓഫീസിലേക്ക് നീങ്ങിയെങ്കിലും വഴിയില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരേയും പോകാന്‍ അനുവദിച്ചിരുന്നില്ല.
നാഷണല്‍ ഹെറാള്‍ഡ് (National Herald Case) പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്‍റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഒരിക്കല്‍ തെളിവില്ലെന്ന് കണ്ട് ഇഡി ക്ലോസ് ചെയ്ത കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം മുന്പോട്ട് പോകട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്.