കോഴിക്കോട് : കോഴിക്കോട് മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ. സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ്റെ നിർദ്ദേശപ്രകാരം ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എ.ജെ.ജോൺസൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും നല്ലളം വെള്ളയിൽ പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. കോഴിക്കോട് സിറ്റിയിൽ തിങ്കളാഴ്ച നടന്ന റെയ്ഡിൽ കോന്നാട് സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ഉസ്മാൻ, അരക്കിണർ ചാക്കീരിക്കാട് പറമ്പ് ബെയ്ത്തുൽ ഷഹദ് വീട്ടിൽ റിയാസ് (46 )എന്നിവരാണ് പിടിയിലായത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതു മുതൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ഡൻസാഫിനെ ഉടച്ചു വാർത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരിക്കുകയാണ് ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മൻ ഐ.പി.എസ്. നിരോധിത പുകയില ഉത്പനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് ഡൻസാഫിന് പ്രത്യേക നിർദേശം നൽകിയിരുന്നു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സ്കൂൾ പരിസരത്ത് ഡൻസാഫ് രഹസ്യമായി നിരീക്ഷണം നടത്തി വരികയാണ്.
കസബ പന്നിയങ്കര വെള്ളയിൽ നല്ലളം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് ഡൻസാഫിൻ്റെ സഹായത്തോടെ ഇതുവരെ പിടിച്ചെടുത്തത്. നിയമപരമായ ലൈസൻസുകളൊന്നുമില്ലാതെ കടനടത്തുകയായിരുന്ന റിയാസിൻ്റെ കടയിൽ നിന്നും കൂൾ ലിപ് ഹാൻസ് എന്നിവയാണ് പിടിച്ചെടുത്തത്. ഡൻസാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത്, വെള്ളയിൽ സബ് ഇൻസ്പെക്ടർ പി. മോഹനസുന്ദരൻ നല്ലളം പോലീസ് സ്റ്റേഷൻ സി.പി.ഓ ബിന്ദു ശ്രീജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.