പാലക്കാട് : സ്വപ്ന സുരേഷിനെതിരെയുള്ള പുതിയ കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് പാലക്കാട് കസബ പോലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്വപ്ന സുരേഷിനെതിരെ കേസെടുത്തത്.
കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. സി പി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പടർത്തുന്നു, സ്വപ്നയുടെ മൊഴികൾ ചിലർ വിശ്വസിച്ച് ആക്രമണത്തിന് മുതിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് കാട്ടിയാണ് സിപിഎം നേതാവ് പരാതി നൽകിയത്. മുൻ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നൽകിയിരുന്നു.
അതേസമയം, കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം. മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്.