കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. സസ്പെൻഷൻ പിൻവലിക്കൽ ഉത്തരവ് ഉടൻ ഇറങ്ങും എന്ന ഉറപ്പിന്മേലാണ് തീരുമാനമെന്ന് കെജിഎംഒഎ വിശദീകരിച്ചു. ഇന്ന് മുതല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധി എടുക്കാനായിരുന്നു തീരുമാനം.
കഴിഞ്ഞ മാസം 31 നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തുകടന്നത്. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ട് കെ.സി.രമേശനെ സസ്പെൻഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് സമരവുമായി കെജിഎംഒഎ രംഗത്തെത്തിയത്. സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുന്നു എന്നാണ് കെജിഎംഒഎയുടെ ആരോപണം.
അതേസമയം, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥയിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. ആരോഗ്യരംഗത്ത് കേരള സർക്കാരിൻ്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്നും ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണ് എന്ന് തെളിയിക്കുന്നതാണ് ആശുപത്രിയുടെ അവസ്ഥയെന്നും ബിജെപി നേതാവ് എം ടി രമേശ് പറയുന്നു.