തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാൽ ഇവിടെ ബിജെപി സമരം ചെയ്യുമ്പോൾ അവർ മടിച്ച് നിൽക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങൾ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ട്. പ്രതിപക്ഷത്തിന് സങ്കുചിത നിലപാടാണ്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നമ്മൾ നിശ്ശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണം. നമ്മുടെ വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമർശിച്ചത്. ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വലതുപക്ഷ ശക്തികൾ വർഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. പ്രകടന പത്രികയിലെ വാഗ്ദങ്ങൾ വിപുലപ്പെടുത്തും.
ഭരണത്തുടർച്ചയ്ക്ക് പ്രത്യേകതകളുണ്ട്. അതിന് രണ്ട് വശങ്ങളുമുണ്ട്. അവിടെയാണ് പാർട്ടിയുടെ ഇടപെടലിന് പ്രാധാന്യം വരുന്നത്. തുടർച്ചയായി ഭരണം ലഭിച്ച രാജ്യത്തും ലോകത്തെയും ചില അനുഭവങ്ങൾ ഗൗരവമായി കണക്കിലെടുക്കണം. അത് ഈ സാഹചര്യത്തെ നേരിടുന്നതിന് സഹായിക്കും. വിപ്ലവാനന്തരം ലോകത്തിന് മാതൃകയായി അധികാരം കൈയ്യാളിയ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം പാർട്ടിയുടെ 14ാം കോൺഗ്രസ് അതിനെ വ്യക്തമാക്കിയ കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ജനങ്ങളുടെ പുതിയ ആവശ്യങ്ങളെ മനസിലാക്കി ഇടപെടുക, അവരുടെ ജീവിതം നിരന്തരം നവീകരിച്ച് മുന്നോട്ട് പോവുക എന്നതൊക്കെയായിരുന്നു. സർക്കാരിനെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ഇക്കാര്യത്തിൽ സോവിയറ്റ് യൂണിയനിൽ പോലും പോരായ്മയുണ്ടായി. അത് തിരിച്ചടിയുടെ ഒരു കാരണമായി വിലയിരുത്തുകയും ചെയ്തതാണ്.
തുടർ ഭരണം കിട്ടിയ സാഹചര്യത്തിൽ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നൽ നൽകണം. ഇതിന് വേണ്ട പദ്ധതികൾ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നൽകി. അഞ്ച് വർഷത്തെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടർഭരണം ജനം നൽകിയ പിന്തുണയാണ്. കേരളത്തിനറെ വികസനത്തിവ് അഞ്ച് വർഷം മതിയോ എന്ന ചിന്തയിൽ നിന്നാണ് 25 വർഷം മുന്നിൽ കണ്ടുള്ള വികസന പദ്ധികൾ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവർഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.