പാലക്കാട്: കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതി ഷാജഹാൻ പിടിയിൽ. പാലക്കാട് സൗത്ത് പൊലീസ് തമിഴ്നാട്ടിൽ നിന്നാണ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന കഴിഞ്ഞ ദിവസം പൊലീസ് പങ്കുവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
അൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്നാണ് ഷാജഹാനെതിരായ കേസ്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാർട്ടിയും പുറത്താക്കി. പിന്നാലെ ഒളിവിൽ പോയ ഷാജഹാനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഷാജഹാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പൊലീസ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു.