ദോഹ : ലോകകപ്പില്‍ അവസാന പ്ലേ ഓഫ് മത്സരവും പൂര്‍ത്തിയായി. ന്യുസീലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കോസ്റ്ററിക്ക ലോകകപ്പ് ഫുട്‌ബോളിന് യോഗ്യതനേടി. മൂന്നാം മിനുറ്റില്‍ ജോയല്‍ ക്യാംപ്‌വെലാണ് വിജയഗോള്‍ നേടിയത്. 69ആം മിനുറ്റില്‍ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ന്യുസീലന്‍ഡിന് തിരിച്ചടിയായി. ഗ്രൂപ്പ് ഇയിലാകും കോസ്റ്ററിക്ക കളിക്കുക. സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പ് ഇയിലുള്ള മറ്റ് ടീമുകള്‍.
കഴിഞ്ഞ ദിവസം പെറുവിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയും ലോകകപ്പിനെത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഓസ്ട്രേലിയയുടെ ജയം. നാലിനെതിരെ അഞ്ച് ഗോളിനാണ് ഓസ്ട്രേലിയ ജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമിനും ഗോളുകള്‍ നേടാനായില്ല. ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയ. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ എന്നിവരാണ് ടീമിലെ മറ്റു ടീമുകള്‍.
ദക്ഷിണമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. പെറുവായിരുന്നു അഞ്ചാം സ്ഥാനത്ത്. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. കൊളംബിയ ആറാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്. ഇവര്‍ യോഗ്യതയ്ക്ക് പുറത്താവുകയും ചെയ്തു.