തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്നും കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4715 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37720 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.
ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3895 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വർണം പവന് വില 31140 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഇന്നലെ ഒരു രൂപ കുറഞ്ഞ് 66 രൂപയായിരുന്നു. വിലയിൽ ഇന്നും മാറ്റമില്ല.
സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് രണ്ട് വർഷം മുൻപായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 5250 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് അന്നത്തെ വില 42000 രൂപയുമായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണവില ഗ്രാമിന് കുറയുകയും പിന്നീട് കൂടുകയും ചെയ്തിരുന്നു. എന്നാൽ റെക്കോർഡ് വില മറികടക്കാൻ കഴിഞ്ഞില്ല.