കോഴിക്കോട് : ടിപ്പർ ലോറി അലക്ഷ്യമായി അതിവേഗത്തിൽ ഓടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. നടുവണ്ണൂർ സ്വദേശി ഫിറോസ് അൻസാരിയാണ് 2019 ഏപ്രിൽ 10നുണ്ടായ അപകടത്തിൽ മരിച്ചത്. ഫിറോസിന്‍റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നൽകാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ. സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിർകക്ഷികൾ ആകെ രണ്ടര കോടി രൂപ നൽകണം.
നടുവണ്ണൂരിനടുത്ത് രാത്രി റോഡരികിൽ ബൈക്ക് നിർത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാൻതൊടുകയിൽ ടി.ടി. മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാർകുഴിയിൽ പി.കെ. ആഷിഖും ഇൻഷുറൻസ് കമ്പനിയായ ചോളമണ്ഡലം എം.എസ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായിരുന്നു എതിർ കക്ഷികൾ.
ഫിറോസിന്‍റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നൽകണം. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അൻസാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽ മരിച്ചത്.