ദില്ലി: ശനിയാഴ്ച തുടങ്ങാനിരുന്ന രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം വെട്ടിച്ചുരുക്കി സിപിഎം. യോഗം ശനിയാഴ്ച മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. ഓൺലൈനായി യോഗം ചേരാനും തീരുമാനിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ദില്ലിയിലെത്താനിരിക്കെയാണ് യോഗം ഓൺലൈനായി ചേരാൻ തീരുമാനിച്ചത്.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8,822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദില്ലിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു. 1,118 പേർക്കാണ് ഇന്നലെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2,956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളിലെയും കണക്ക് കുത്തനെ ഉയർന്നു.