ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്.
ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്സ് മെർച്ചൻഡെയ്സ് നൽകിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിഗമനം. ഇതു വരെ നൂറിനടുത്ത് ചോദ്യങ്ങളാണ് ഇഡി രാഹുലിനോട് ചോദിച്ചത്. ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും. രാഹുൽ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാളെ രാജ്യത്തെ ജില്ലാ ഭരണ സിരാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കോൺഗ്രസ് പ്രതിഷേധം.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇന്നത്തെ ചോദ്യം ചെയ്യൽ ഒമ്പതര മണിയോടെയാണ് അവസാനിച്ചത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ വൈകാതെ മടങ്ങുകയും ചെയ്തു. ഇനിയെല്ലാം വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ അറിയാം. അതേസമയം രാഹുലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നലെയും രാജ്യതലസ്ഥാനത്ത് ശക്തമായിരുന്നു. രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘർഷത്തിലേക്കാണ് നയിച്ചത്.
കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രവർത്തകരും നേതാക്കളും നിലയുറപ്പിച്ചു. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.