മൂന്നാര്‍: ഇടുക്കി മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫോറസ്റ്റ് ഗാര്‍ഡന്‍ സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളെ ഗാര്‍ഡനില്‍ നിന്നും ഇറക്കിവിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാവിലെ പതിവുപോലെ തുറന്ന ഫോറസ്റ്റിന്‍റെ ഗാര്‍ഡനില്‍ വിനോദസഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തുടര്‍ന്നാണ് ഹര്‍ത്താല്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി വിനോദസഞ്ചാരികളെ പുറത്തിറക്കി കവാടം പൂട്ടിയത്.
ഹര്‍ത്താലില്‍ നിന്നും വിനോദസഞ്ചാരമേഖലയെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതായി നേതാക്കള്‍ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് വിനോദ സഞ്ചാരികളേറെയും എത്തിയത്. മൂന്നാറില്‍ വിനോദസഞ്ചാരികള്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന സഞ്ചാരികളെ പോലും വഴിയില്‍ തടയുകയും മൂന്നാറിലെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്യാതെ സമരക്കാര്‍ തിരിച്ചയച്ചു.
പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പേരില്‍ സുപ്രീം കോടതിയിറക്കിയ ഉത്തരവിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ അറിയാതെയാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും രാവിലെ വാഹനവുമായി ടൗണിലെത്തിയത്. തുടര്‍ന്ന് മാട്ടുപ്പെട്ടി ഭാഗത്തെ ഫോറസ്റ്റ് ഗാര്‍ഡന്‍ സന്ദര്‍ശിക്കുവാന്‍ പലരും കയറി. ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ സമരക്കാര്‍ സന്ദര്‍ശകരെ ഗാര്‍ഡനില്‍ നിന്നും ഇറക്കിവിട്ട് കവാടം പൂട്ടിയത്.
മൂന്നാര്‍ ടൗണില്‍ യാത്രക്കാരുമായി എത്തിയ കെഎസ്ആര്‍ടിസി ബസും സമരക്കാര്‍ അല്പനേരം തടഞ്ഞിട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം സമരങ്ങള്‍ നടത്തുന്നതിനാല്‍ സ്വദേശികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് മൂന്നാറിലെത്തിയത്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ സമര കോലാഹലങ്ങളറിയാതെ നിരവധി സഞ്ചാരികളാണ് മൂന്നാറിലെത്തിയത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ മൂന്നാറിലെ ഹോട്ടലുകളും ചായക്കടകളും തുറക്കാത്തത് സന്ദര്‍ശകരെ വലയ്ക്കുകയും ചെയ്തു.