കൊട്ടി : മൂവാറ്റുപുഴ മാറാടിയിൽ അപകടകരമായ രീതിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരുപത് വയസുകാരിയെ മർദ്ദിച്ചതായി പരാതി. മണ്ണ് ഖനനത്തിനായി റവന്യൂ വകുപ്പും മാറാടി പഞ്ചായത്തും അനുമതി നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. യുവതിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വീടിനു പുറകിൽ അപകടമുണ്ടാകും വിധം 20 അടിയിലധികം താഴ്ചയിൽ മണ്ണെടുക്കുന്നത് എതിർത്ത പെൺകുട്ടിയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ ഇരുപതാം വാർഡിലാണ് സംഭവം. ഇനിയും മണ്ണെടുപ്പ് തുടര്‍ന്നാല്‍ സ്വന്തം വീട് നശിക്കുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികരിച്ചതെന്ന് ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി പറയുന്നു.
എതിർത്തതോടെ പെൺകുട്ടിയെ മണ്ണെടുക്കാനെത്തിയ സംഘം ആക്രമിച്ചു. ശരീരത്തിന് ആകമാനം പരിക്കേറ്റ 20 വയസ്സുകാരി ഇപ്പോൾ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണെടുക്കാൻ ജിയോളജിയും പഞ്ചായത്തും റവന്യൂ ഉദ്യോഗസ്ഥരും അനുമതി നൽകിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മാറാടി വില്ലേജും പഞ്ചായത്തും പ്രതികരിച്ചു. പെൺകുട്ടിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തെന്നും ഉടൻ കുറ്റക്കാരെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു.