ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ജൂൺ 8 ന് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. മെയ് മാസത്തിൽ അപ്രതീക്ഷിത നിരക്ക് വർധനയ്ക്ക് ശേഷമാണ് വീണ്ടും നിരക്ക് വർധന. വായ്പ എടുത്ത് വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ഭവന വായ്പ എടുത്ത് ഇഎംഐ അടക്കുന്നവർക്കും ഇതൊരു പ്രഹരമാണ്.
ആർബിഐയുടെ നിരക്ക് വർധന എങ്ങനെ നിങ്ങളുടെ ഇഎംഐകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് എന്നറിയണ്ടേ? ഒരു ബാങ്കിന്റെ ഫ്ലോട്ടിംഗ് ഹോം ലോൺ പലിശ നിരക്കുകൾ നിർബന്ധമായും ഒരു എക്സ്റ്റേണൽ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിരിക്കണം. മിക്ക ബാങ്കുകളും റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ, ഓരോ തവണയും ആർബിഐ റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ, കടം വാങ്ങുന്നയാളുടെ ഇഎംഐ അല്ലെങ്കിൽ കാലാവധിയെ നേരിട്ട് ബാധിക്കുന്നു. അതായത് റിപ്പോ നിരക്ക് ഉയരുമ്പോൾ, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പാ നിരക്കും ഉയരുന്നു. റിപ്പോ നിരക്ക് ഉടനടി പ്രാബല്യത്തിൽ എത്തുന്നതിനാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ഇഎംഐ വ്യത്യാസം അറിയാൻ സാധിക്കും. എന്നാൽ മിക്ക കേസുകളിലും ബാങ്കുകൾ ഇഎംഐ വർധിപ്പിക്കാതെ പകരം വായ്പയുടെ കാലാവധി വർധിപ്പിക്കുന്നു.
ഇഎംഐ തുക വർധിപ്പിക്കാതെ കാലാവധി വർധിപ്പിക്കുന്നത് എങ്ങനെയെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഒരു ഉദാഹരണം ഇതാ: 10 വർഷത്തേക്ക് ഒരു വ്യക്തി 7.1 പലിശ നിരക്കിൽ 35 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെങ്കിൽ നിരക്ക് വർധന ഉണ്ടായാൽ എന്ത് മാറ്റം ഉണ്ടാകും എന്നറിയാം. 7.1 ശതമാനം പലിശ നിരക്കിൽ (35 ലക്ഷം രൂപയ്ക്ക്) ഇഎംഐ 40,818 രൂപയായിരിക്കും. 10 വർഷം കൊണ്ട് അടച്ച മൊത്തം പലിശ 13.98 ലക്ഷം രൂപയായിരിക്കും. ഇപ്പോൾ നിരക്ക് 90 ബേസിസ് പോയിൻറ് അഥവാ 0.9 ശതമാനം വർധിച്ചാൽ, പലിശ നിരക്ക് 8 ശതമാനമാകും. അങ്ങനെ വരുമ്പോൾ ഇഎംഐ 42,465 രൂപയും പലിശ 15.96 ലക്ഷം രൂപയും ആയിരിക്കും.
പലിശഭാരം കുറക്കാൻ എന്ത് ചെയ്യും?
ഹോം ലോൺ എടുത്തിട്ടുണ്ടെങ്കിൽ, റിപ്പോ നിരക്ക് ഉയരുന്നതിന് അനുസരിച്ച് ഉയരുന്ന പലിശ നിരക്ക് വെള്ളം കുടിപ്പിക്കുക തന്നെ ചെയ്യും. ഇഎംഐ അല്ലെങ്കിൽ പലിശ ഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗ്ഗം എന്തെന്നാൽ, നിങ്ങളുടെ കയ്യിൽ പണം ഉള്ള സമയങ്ങളിൽ കുടിശ്ശികയുള്ള ലോൺ തുക മുൻകൂട്ടി അടച്ചുകൊണ്ടിരിക്കുക എന്നതാണ്. കുടിശ്ശികയിലേക്ക് അടയ്ക്കുമ്പോൾ അതിനു മുകളിൽ വരുന്ന പലിശ കുറവായിരിക്കും.