രാജ്‌കോട്ട് : ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. കരിയര്‍ അവസാനിച്ചെന്നിരിക്കെ ഒരൊറ്റ ഐപിഎല്‍ സീസണിലൂടെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ തിളങ്ങുകയായിരുന്നു. ഇതോടെ വീണ്ടും ദേശീയ ടീമിലേക്കുള്ള വിളിയെത്തി. 37-ാം വയസില്‍ അദ്ദേഹം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലെത്തിയെന്നത് പലരും വിശ്വസിക്കാന്‍ പ്രയാസമാണ്.
എന്നാല്‍ തിരിച്ചുവരവിനെ കുറിച്ച് കാര്‍ത്തികിനും പറയാനുണ്ട്. വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയണമെന്ന വാശിയാണ് എന്റെ തിരിച്ചുവരവിന് പ്രേരിപ്പിച്ചതെന്ന് കാര്‍ത്തിക് പറഞ്ഞു. ”ടീമില്‍ നിന്ന് പലതവണ പുറത്തായിട്ടുണ്ട്. അപ്പോഴെല്ലാം തിരിച്ചെത്താമെന്ന പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിനായി വീണ്ടും കളിക്കണമെന്ന വാശിയാണ് തന്റെ തിരിച്ചുവരവിന്റെ രഹസ്യം.” കാര്‍ത്തിക് വ്യക്തമാക്കി.
ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ (IND vs SA) നേരിടാനൊരുങ്ങുമ്പോള്‍ രസകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ട്വന്റി 20 മത്സരത്തിനിറങ്ങിയത് 2006 ഡിസംബര്‍ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ അണിനിരത്ത മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് കാര്‍ത്തിക്കായിരുന്നു. പതിനാറ് വര്‍ഷത്തിനിപ്പുറം ദക്ഷിണാഫ്രിക്കയെ നേരിടുമ്പോഴും കാര്‍ത്തിന് ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. കാര്‍ത്തികിന്റെ തിരിച്ചുവരവിന് കാരണമായി ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ 330 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 183 സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നു താരത്തിന്. ഇന്ത്യക്കായി 35 ട്വന്റി 20യില്‍ 436 റണ്‍സും 94 ഏകദിനത്തില്‍ 1752 റണ്‍സും 26 ടെസ്റ്റില്‍ 1025 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്‍ത്തിക് ടീമില്‍ തിരിച്ചെത്തുന്നത്.