മുംബൈ: മുൻ കാമുകിയുടെ കൈ പിടിച്ച് വലിച്ചതിന് യുവാവിന് ഒരുവർഷത്തെ തടവുശിക്ഷ. 2014ൽ നടന്ന സംഭവത്തിനാണ് 28കാരന് കോടതി ശിക്ഷ വിധിച്ചത്. സ്ത്രീയുടെ കൈയിൽ പിടിച്ച് വലിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ബന്ധമുണ്ടായിരുന്നു എന്നതുകൊണ്ട് ഇത്തരത്തിൽ സ്ത്രീയോട് പെരുമാറാൻ യുവാവിന് അർഹതയില്ലെന്ന് കോടതി പറഞ്ഞു. ഒരു സ്ത്രീക്കെതിരെ, പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തിയോ കുറ്റകൃത്യമോ ചെയ്യാൻ ആരും ധൈര്യപ്പെടില്ല. അതൊകൊണ്ടു തന്നെ ഈ കേസിൽ ദൃക്‌സാക്ഷി ഇല്ലാത്തത് പ്രൊസിക്യൂഷന് പ്രതികൂലമാകില്ലെന്നും മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ക്രാന്തി എം പിംഗ്ലെ പറഞ്ഞു.
പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വെറുതെ വിടണമെന്ന വാദവും കോടതി തള്ളി. സ്ത്രീയുടെ മാന്യതയെ ദ്രോഹിക്കുന്ന പ്രവൃത്തി കണക്കിലെടുത്ത് ഇത്തരം കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയെ നല്ല നടപ്പിന് വിട്ടയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നല്ല നടപ്പിന് വിടുന്ന കുറ്റകൃത്യം കൂടുതൽ വർധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യുന്നത് പൊലീസില് ബുദ്ധിമുട്ടുണ്ടാക്കുകയും നിരവധി സ്ത്രീകളെ ബാധിക്കുകയും ചെയ്യുമെന്നും കോടതി പറഞ്ഞു.
യുവതിയുടെ അയൽവാസിയായ പ്രതി പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നും ഇപ്പോൾ രണ്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും കാണിച്ചാണ് ശിക്ഷയിൽ ഇളവ് തേടിയത്. ശിക്ഷ വിധിക്കുന്നതിൽ ഇളവ് കാണിക്കാമെന്ന് കോടതി സമ്മതിച്ചു. പ്രതിയുടെ ഇപ്പോഴത്തെ സാഹചര്യവും 2014ൽ നടന്ന സംഭവവും കണക്കിലെടുത്താൽ ഏഴ് വർഷം കഴിഞ്ഞു. ഇക്കാലയളവിൽ പ്രതിക്ക് വിവാഹിതനാകുകയും രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അതിനാൽ, ഗുരുതരമായ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന് കടുത്ത ശിക്ഷ നൽകുന്നത് ന്യായമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് 5000 രൂപ പിഴയും വിധിച്ചു. 2014 സെപ്റ്റംബർ 20ന് കെട്ടിടത്തിന്റെ ഗോവണിപ്പടിയിലാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.