ദില്ലി: പുതിയ സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ പ്രതികരണവുമായി ലോക്സഭ സ്പീക്കർ ഓം ബിർള രംഗത്ത്. സമാധാനപരമായി പ്രശ്നം തീർക്കണമെന്നും അക്രമത്തിനു പകരം ജനാധിപത്യ മാർഗ്ഗമാണ് തേടേണ്ടതെന്നും ഓം ബിർള ആവശ്യപ്പെട്ടു. സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നെണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിപഥ് പദ്ധതിയിൽ ലോക്സഭയിൽ ചർച്ച വേണോ എന്നതിൽ തീരുമാനം പിന്നീടെന്നും സ്പീക്കർ വ്യക്തമാക്കി. കാര്യോപദേശക സമിതിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും ഓം ബിർള കൂട്ടിച്ചേർച്ചു.
അതേസമയം അഗ്നിപഥിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും രാജ്യ വ്യാപകമായി ശക്തമായിരുന്നു. പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. യുപിയില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർ പൊലീസ് വാഹനവും കത്തിച്ചു. ബിഹാറിലും ഹരിയാനയിലും ഇന്നും വ്യാപക അക്രമമുണ്ടായി.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം തെക്കേഇന്ത്യയിലേക്കും പടരുകയാണ്. സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ യുവാക്കളുടെ പ്രതിഷേധം വ്യാപക അക്രമസംഭവങ്ങള്‍ക്ക് വഴിമാറി. റെയില്‍ട്രാക്ക് ഉപരോധിച്ച് പ്രതിഷേധക്കാര്‍ തീയിട്ടു. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയിന് തീവച്ചു. റെയില്‍ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ച് തകര്‍ത്തു. അക്രമങ്ങള്‍ക്ക് വഴിമാറിയതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചു. പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സെക്കന്തരാബാദ് റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി.
സെക്കന്തരാബാദിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഉച്ചവരെ മുടങ്ങി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. സെക്കന്തരാബാദ് സ്റ്റേഷന് പുറത്തും യുവാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ലാത്തിവീശാന്‍ ശ്രമിച്ചത് ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. സംഘടനകളുടെ പിന്‍ബലമില്ലാതെ യുവാക്കള്‍ തന്നെ സംഘടിച്ച് എത്തിയാണ് പ്രതിഷേധിക്കുന്നത്. ഹൈദരാബാദിലും ആന്ധ്രയിലും വ്യാപക പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഹൈദരാബാദ് റെയില്‍വേസ്റ്റേഷനില്‍ സുരക്ഷ വര്‍ധിപ്പിച്ചു.