കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്.
വ്യോമയാന നിയമ ലംഘനക്കേസുകള്‍ പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിരസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹര്‍ജിക്കാര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത് .വിമാന ജീവനക്കാരുടെ നിര്‍ദേശം വകവെക്കാതെ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. മുന്നാം പ്രതി മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു.മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നൊക്കെയാണ് കേസ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് ചെയ്‌തത്.ഹര്‍ജിക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും ദുരുദ്ദേശത്തോടെയുള്ളതുമാണ്. വിമാനം ലാന്റ് ചെയ്തതിന് ശേഷമാണ് യുവാക്കള്‍ മുദ്രാവാക്യം വിളിച്ചത്.മുഖ്യമന്ത്രിയുടെ അംഗരക്ഷകരും മര്‍ദിച്ചു. യുവാക്കള്‍ക്ക് മര്‍ദനമേറ്റതായി എയര്‍പോര്‍ട് ഡോക്ടറുടെ റിപോര്‍ട്ടിലും റിമാന്‍ഡ് റിപോര്‍ട്ടിലും പറയുന്നുണ്ട്.
യുവാക്കള്‍ വിമാനത്തിന്റെ ഏറ്റവും പുറകിലും മുഖ്യമന്ത്രി വിമാനത്തിന്റെ വാതിലിനടുത്തുമാണ് ഇരുന്നത്. അംഗരക്ഷകര്‍ മുഖ്യമന്ത്രിയുടെ അടുത്താണ് ഇരുന്നത്. ഒരു സാഹചര്യത്തിലും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കഴിയുമായിരുന്നില്ല. ഹര്‍ജിക്കാര്‍ വ്യോമയാന നിയമങ്ങള്‍ ഒരു തരത്തിലും ലംഘിച്ചിട്ടില്ല.ആരോപിക്കപ്പെടുന്ന പോലെയുള്ള ആക്രമണം വിമാനത്തില്‍ ഉണ്ടായിട്ടില്ല.ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമാണ്. മുഖ്യമന്ത്രിക്ക് നേരെ വധശ്രമം നടന്നെന്ന ആരോപണം പൊലിസ് കെട്ടിച്ചമച്ചതാണ്.കേസന്വേഷണവുമായി സഹകരിക്കുമെന്നും വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.കേസിലെ മൂന്നാം പ്രതി പട്ടാനൂര്‍ സ്വദേശി സുജിത് നാരായണന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതി ഒളിവിലാണ്.