തിരുവനന്തപുരം: കേരളത്തിന്റെ പുതിയ വൈൽഡ് ലൈഫ് വാർഡനായി ഗംഗാ സിങ് ചുമതലയേറ്റു. വനം ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജൻസ്) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് സ്വദേശിയായ ഇദ്ദേഹം കേരള കേഡറിലെ 1988 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്.
നോർത്ത് വയനാട് അസി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായി 1991 ൽ ജോലിയിൽ പ്രവേശിച്ച ഗംഗാസിങ് വേൾഡ് ഫുഡ് പ്രോഗ്രാം ഡിസിഎഫ് കോഴിക്കോട്, തിരുവനന്തപുരം ,സാമൂഹ്യവനവൽക്കരണ വിഭാഗം ഡിസിഎഫ്, ഡിസിഎഫ് സൈലന്റ് വാലി നാഷണൽ പാർക്ക്,സിസിഎഫ് (എസ്എഫ്) എപിസിസിഎഫ് ( എഫ്എംഐഎസ്) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തെന്മല തൃശ്ശൂർ എന്നിവിടങ്ങളിൽ ഡിഎഫ്ഒ ആയിരുന്നു.
കേന്ദ്ര ഡപ്യൂട്ടേഷനിലും അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. ന്യൂഡൽഹി നാഷനൽ സുവോളജിക്കൽ പാർക്ക്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോജക്ട് ടൈഗർ എന്നിവിടങ്ങളിൽ ജോയന്റ് ഡയറക്ടർ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഐസിഎഫ്ആർഐ ഡെറാഡൂൺ), ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമിയിൽ പ്രൊഫസർ എന്നീ ചുമതലകളാണ് അദ്ദേഹം നിർവഹിച്ചിട്ടുള്ളത്.