തിരുവനന്തപുരം : സില്‍വര്‍ ലൈനിന്‍റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) പുറത്തുവിടാന്‍ കെ–റെയിലിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. ഡിപിആര്‍ പുറത്തുവിട്ട് ജനങ്ങളുടെ സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു പോകണമെന്ന അഭിപ്രായം സിപിഎമ്മിലും ഉയര്‍ന്നു. ഡിപിആറിന്‍റെ പകര്‍പ്പ് ഗതാഗത വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ വിവരാവകാശ നിയമപ്രകാരം പൊതുജനത്തിനു നല്‍കാമെന്നുമുള്ള നിലപാടിലാണ് കെ–റെയില്‍ അധികൃതർ. കേരളം ഏറ്റവും ചര്‍ച്ച ചെയ്യുന്ന പദ്ധതിയായ കെ–റെയിലിന്‍റെ ഡിപിആര്‍ പൊതുജനത്തിന് ലഭ്യമല്ല. പദ്ധതിയോട് വിയോജിപ്പൊന്നുമില്ലെങ്കിലും ഡിപിആര്‍ ഒളിപ്പിച്ചു വയ്ക്കേണ്ടതില്ലെന്ന നിലപാട് സിപിഎമ്മിലെ ചില നേതാക്കള്‍ക്കുമുണ്ട്. ഇക്കാര്യം പാര്‍ട്ടിയിലും ഉന്നയിച്ചു.
മറച്ചുവെയ്ക്കാനൊന്നുമില്ലാത്ത പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടുന്നതിലെന്താണ് പ്രശ്നമെന്ന ചോദ്യം കെ–റെയില്‍ അധികൃതരോടും സിപിഎം നേതാക്കൾ ചോദിക്കുന്നു. ജനത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും പറയാന്‍ പറ്റാത്തത് തിരുത്തിയും മുന്നോട്ടു പോകണമെന്നാണു നേതാക്കളുടെ നിലപാട്.
ഡിപിആര്‍ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് കെ–റെയില്‍ വിരുദ്ധ സമരസമിതി ആരോപിച്ചു. ഡിപിആര്‍ ബൗദ്ധിക സ്വത്താണെന്ന വാദം ഉന്നയിച്ചാണു വിവരാവകാശ അപേക്ഷ കെ–റെയില്‍ നേരത്തേ തള്ളിയത്. ഡിപിആറിന്‍റെ പകര്‍പ്പ് കെ–റെയില്‍ ഗതാഗതവകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം രേഖ പുറത്തുകൊടുക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കെ–റെയില്‍. ഇക്കാര്യത്തിലെ നിലപാട് മാറണമെങ്കില്‍ സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിക്കണം. അതിനായി ഇടതുമുന്നണിയില്‍ നിന്നുതന്നെ ഉയരുന്ന സമ്മര്‍ദം ഫലം കാണുമോയെന്നാണ് അറിയേണ്ടത്.