കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്. എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിത എസ് നായർ വ്യക്തമാക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ ഗൂഡാലോചനാ കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പിസി ജോർജ്ജ് സമ്മർദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായർ മൊഴി നൽകിയിരുന്നു. സ്വപ്നയും പിസി ജോർജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കെടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍ര് പൊലീസ് എടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്. പിസി ജോർജ് തന്നെ പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്. സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളില്ലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി.
മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി. ജോർജ്ജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജ്ജിൻറെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറിയിരുന്നു. അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയെ സാക്ഷിയാക്കി ഗൂഡാലോചന കേസിലെ അന്വേഷണം വ്യാപകമാക്കാനാണ് നീക്കം. കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയെ സരിതയുടെ മൊഴി വെച്ച് കോടതിയിൽ അടക്കം നേരിടാനാണ് ശ്രമം.