കണ്ണൂര്‍ : പയ്യന്നൂർ കോൺഗ്രസ് ഓഫീസിലെ ഗാന്ധിജിയുടെ തല തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഡി വൈ എസ് പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞിരുന്നെങ്കിലും ബാരിക്കേഡിനിടയിലൂടെ പ്രവർത്തകർ ഉള്ളിലേക്ക് കടന്നതാണ് ലാത്തിച്ചാർജിന് ഇടയാക്കിയത്. വനിതാ പ്രവർത്തകർക്ക് നേരെയും ലാത്തിച്ചാർജുണ്ടായി. ലാത്തിചാർജിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റു. പുരുഷ പോലീസാണ് വനിതാ പ്രവർത്തകരെ മർദ്ദിച്ചതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗാന്ധിയുടെ തല വെട്ടി അദ്ദേഹത്തിന്‍റെ മടിയിൽ വെച്ച നിലയിലാണ്. ബ്ലോക്ക് കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്‍റെ ചില്ലുകളടക്കം തകർത്തിട്ടുണ്ട്. അകത്തെ സാധനങ്ങളെല്ലാം വ്യാപകമായി വലിച്ചുവാരിയിട്ടു. അക്രമത്തിന് പിന്നിൽ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ നടപടിയൊന്നും ഇതുവരെയും ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തിയത്.