പാട്ന: ബിഹാറിലെ മുസോഡിയിലെ റെയിൽവേ സ്റ്റേഷന്‍ കത്തിച്ച സംഭവത്തില്‍ 16 പേർ കസ്റ്റഡിയിൽ. ഇവരിൽ ഭൂരിഭാഗവും പ്രായ പൂർത്തിയാകത്തവരാണ്. മുസോഡിയിലെ സംഘർഷത്തിന് പിന്നിൽ രണ്ട് കോച്ചിങ്ങ് സെൻ്ററുകളെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മുസോഡി പൊലീസ് സ്റ്റേഷന് മുന്നിൽ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിഷേധിക്കുകയാണ്. കുട്ടികളെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയെന്ന് മാതാപിതാക്കൾ പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും. ബിഹാറില്‍ പ്രതിപക്ഷ പാർട്ടികളുടെ ബന്ദിനിടെ ബിഹാറില്‍ അങ്ങിങ്ങ് സംഘര്‍ഷമുണ്ടായി. ജെനാദാബാദിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. ബസുകൾ അടക്കം കത്തിച്ചു. ഇതിനിടെ ബിഹാറിൽ ഇൻ്റർനെറ്റ് നിയന്ത്രണം ആറ് ജില്ലകളിൽ കൂടി നീട്ടി. തൊഴിൽ തേടിയുള്ള യുവാക്കളുടെ സമരത്തെ പിന്തുണയ്ക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്ന് ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. കര്‍ഷക സമരത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്‍പുള്ള പ്രതിപക്ഷ നീക്കത്തിന് ബലം പകരുന്നതാണ്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു. യുവാക്കളുടെ മുന്‍പില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ബിജെപിയുടെ വോട്ട് ബാങ്കുകളില്‍ രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. രാജ്യസുരക്ഷയില്‍ ആശങ്കയറിയച്ചാണ് അഗ്നിപഥ് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന യെച്ചൂരിയുടെ പ്രതികരണം യോജിച്ച നീക്കം ഉന്നമിട്ടുള്ളതാണ്.