കട്ടപ്പന: കേരള തമിഴ്നാട് അതിർത്തിക്കടുത്തുള്ള തമിഴ് നാട്ടിലെ കമ്പത്തു നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നു തേനി സ്വദേശികളായ സതീഷ്, വേലവൻ എന്നിവരെ കമ്പം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലേക്കടക്കം കടത്താനായി സൂക്ഷിച്ചിരുന്ന ലഹരി ഉത്പന്നങ്ങളാണ് രഹസ്യവിവരത്തെത്തുടർന്ന് പോലീസ് പിടികൂടിയത്.
തേനി ജില്ലയിലെ കമ്പം മാരിയമ്മൻ ക്ഷേത്രത്തിന് സമീപത്തുള്ള പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ കച്ചവടം നടക്കുന്നതായി തമിഴ് നാട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കടയിൽ നടത്തിയ പരിശോധനയിൽ രണ്ടു ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കടയുടമകളും തേനി സ്വദേശികളുമായ സതീഷിനെയും വേലവനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ ലഹരി വസ്തുക്കൾ കൈവശമുണ്ടെന്ന് മനസ്സിലായത്.
തുടർന്ന് പ്രതികളുടെ ഉടമസ്ഥതയിൽ കമ്പം കുമളി റോഡിലുള്ള ഗോഡൌണിൽ നടത്തിയ പരിശോധനയിൽ 136 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1560 കിലോ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. പിടികൂടിയ ലഹരി വസ്തുക്കൾക്ക് 16 ലക്ഷത്തോളം രൂപ വില വരുമെന്ന് പേലീസ് പറഞ്ഞു. കേരളത്തിലേക്കടക്കം പുകയില ഉൽപ്പന്നങ്ങൾ ഇവർ എത്തിക്കുന്നുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ലഹരി വസ്തുക്കൾ വിവിധ സഥലങ്ങളിൽ എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കാറും രണ്ട് ഇരുചക്ര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്.