തിരുവനന്തപുരം : മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ എങ്ങനെ സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പങ്കെടുത്തെന്ന് കോൺഗ്രസ് എം പി കെ.മുരളീധരൻ. പാസ് ഇല്ലാതെ അനിത പുല്ലയിൽ എങ്ങനെ നിയമസഭയ്ക്ക് അകത്ത് കയറി. ഹിറ്റ് ലിസ്റ്റിലും ബ്ലാക്ക് ലിസ്റ്റിലും ഉള്ളവർ എങ്ങനെ കടന്നു. സ്പീക്കർക്ക് എന്തുകൊണ്ട് തടയാനായില്ല. ഇതിന് സ്പീക്കർ മറുപടി പറയണമെന്നും കെ.മുരളീധരൻ പറഞ്ഞു. കളങ്കിതരായ ആളുകൾ ഭരണത്തിൻറെ പങ്ക് പറ്റുകയാണെന്നും കെ.മുരളീധരൻ ആരോപിച്ചു.
ലോക കേരള നിയമസഭയുമായി ബന്ധപ്പെട്ട് വ്യവസായി എം എ യൂസഫലി നടത്തിയ പ്രതികരണത്തിലും കെ. മുരളീധരൻ മറുപടി നൽകി. യൂസുഫലിയുടെ അഭിപ്രായത്തിനനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് പ്രവാസികളോട് സ്നേഹമുണ്ട്. എന്നാൽ സർക്കാരിൻറെ ലോക കേരള സഭ കൊണ്ട് ഒരു ഉപകാരവും പ്രവാസികൾക്കില്ലെന്നും കെ.മുരളീധരൻ പറഞ്ഞു.
സ്വർണ കളളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം വേണം. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. അതുവരെ മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധം തുടരും. മുഖ്യമന്ത്രിയുടെ പരിപാടികൾ ബഹിഷ്കരിക്കും. എന്നാൽനിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു. അഗ്നി പഥ് പദ്ധതി വലിയ ജനരോഷമുണ്ടാക്കിയെന്ന് കെ.മുരളീധരൻ പറഞ്ഞു. ടെസ്റ്റ് എഴുതാനിരിക്കുന്നവർക്ക് നിയമനം കിട്ടില്ലെന്ന ആശങ്ക ഉണ്ട്. പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും കെ.മുരളീധരൻ പറഞ്ഞു.