തിരുവനന്തപുരം : അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസിനോട് സജ്ജമായിരിക്കാന്‍ നിർദേശിച്ച് ഡിജിപി അനില്‍കാന്ത്. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായി തിങ്കളാഴ്ച ഭാരത് ബന്ദ് ആണെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ട്.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫിസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കും.
സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി.
കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം രാജ്യത്തു കത്തിപ്പടരുന്നതിനിടെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്നു സേനാധിപന്‍മാരുടെയും യോഗം വിളിച്ചു. അഗ്നിപഥുമായി മുന്നോട്ടു പോകുമെന്നു കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് റിക്രൂട്മെന്റുകൾ എത്രയും വേഗം ആരംഭിച്ചാൽ വിഷയം ഒരുപരിധി വരെ പരിഹരിക്കാമെന്നാണു കേന്ദ്രത്തിന്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് മൂന്നു സേനകൾക്കും നിർദേശം നൽകി. റിക്രൂട്മെന്റിനുള്ള തയാറെടുപ്പുകൾ കര, നാവിക, വ്യോമ സേനകൾ ആരംഭിച്ചു.