തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംശയനിഴലിൽ തന്നെയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി ഒളിച്ചിരുന്ന് തെളിവുകൾ ഇല്ലാതാക്കാനും അന്വേഷണ ഏജൻസികളെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പരിഭ്രാന്തികൊണ്ട് ഇപ്പോൾ ഒഴിഞ്ഞുനടക്കുകയാണ്.
അന്വേഷണ ഏജൻസികളെ വിളിച്ചുവരുത്തിയത് ഞങ്ങളെന്ന് ആവർത്തിക്കുന്നവർ ഇന്ന് അന്വേഷണ ദിശമാറുമ്പോൾ ഏജൻസികളുടെ മനോവീര്യം കെടുത്തുകയാണ്. ഒരു മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്തുതന്നെ ആദ്യമാണ്. കേവലം ഒരു ആരോപണമെന്ന് പറഞ്ഞ് ഇത് തള്ളിക്കളയാനാകില്ല. കോടതിയിൽ കൊടുത്ത മൊഴി ഗൗരവതരമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തേ ജയിലിൽ കിടന്ന കേസാണിത്. മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്. മുഖ്യമന്ത്രിക്ക് ഈ കേസുമായി പല അവിഹിത ബന്ധവും ഉണ്ടായിരുന്നുവെന്നത് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞു. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ച് അക്കൗണ്ടന്റിന് പോലും സ്വർണം കടത്താൻ കഴിയുന്ന സാഹചര്യം ഒരു സംസ്ഥാനത്ത് ഒരുങ്ങുന്നത് എങ്ങനെയാണ്?
സ്വർണക്കടത്ത് നടക്കുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പ്രതിചേർക്കപ്പെടുകയും ബന്ധപ്പെട്ട വകുപ്പുകളിൽ തീപിടിത്തമുണ്ടായി രേഖകൾ നശിക്കുന്നതുമെല്ലാം കണ്ടതാണ്. സാമാന്യബുദ്ധി വച്ച് പരിശോധിച്ചാൽ പോലും മുഖ്യമന്ത്രിയുടെ പങ്ക് മനസ്സിലാകും. അന്വേഷണ ഏജൻസികൾക്ക് സമയ പരിധി ആരും വയ്ക്കേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകളിൽ ഉണ്ടാവില്ല.കേസിലെ പ്രതി സ്വപ്ന സുരേഷിനെ ബിജെപി നിയന്ത്രിക്കുന്നുവെന്നത് കുപ്രചാരണമാണ്. ബിജെപിക്ക് സ്വപ്ന അന്നും ഇന്നും കേസിലെ പ്രതി മാത്രമാണ്. കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാകാൻ പോകുന്നില്ല. അതിവേഗ ട്രെയിനുകൾക്കുള്ള കേന്ദ്ര പദ്ധതികൾ നടപ്പിലാക്കും. സംസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധങ്ങൾ അഗ്നിപഥിനെതിരായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.