ആലപ്പുഴ: കോവിഡിന്റെ പുതിയ വകഭേദം ഇനിയുമുണ്ടാകുമെന്നും അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണ ജോർജ്. മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഏതാനും മാസം മുമ്പ് വൈറോളജിസ്റ്റുകളെ പങ്കെടുപ്പിച്ച് നടത്തിയ രാജ്യാന്തര സെമിനാറിൽ ഉയർന്ന പൊതു അഭിപ്രായം കോവിഡിന്റെ പുതിയ വകഭേദം ഇനിയും വന്നുകൊണ്ടിരിക്കുമെന്നാണ്. ഏറ്റവുമൊടുവിൽ വന്നത് മൂന്നാംതരംഗത്തിലെ ഒമിക്രോൺ ആണ്. നിലവിൽ കോവിഡ് കേസുകളിലെ വർധന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ വകഭേദവും വൈറസുകളും ആശങ്കയുണ്ടാക്കുന്നവയല്ല. ജീവിതശൈലീരോഗങ്ങളെ കുറച്ചുകൊണ്ടുവരുക എന്നതാണ് ഏറ്റവും വലിയ ചലഞ്ച്. കോവിഡുകാലത്ത് വില്ലനായി നിന്നതും ജീവിതശൈലീരോഗങ്ങളാണ്.അതിനാൽ 30 വയസ്സിന് മുകളിൽ എല്ലാവർക്കും പരിശോധന നടത്താൻ ജനകീയ കാമ്പയിൽ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.