തിരുവനന്തപുരം: ആര്‍ഡിഒ കോടതിയില്‍ നിന്നും പ്രതി ശ്രീകണ്ഠന്‍ നായര്‍ മോഷ്ടിച്ച തൊണ്ടിമുതലിലെ 12 പവൻ സ്വർണം പൊലീസ് കണ്ടെത്തി. ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വർണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ മൊഴി നല്‍കി. തൊണ്ടിമുതല്‍ മോഷണത്തിൽ മുൻ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠൻ നായരെ ഇന്നാണ് പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
തിരുവനന്തപുരം ആർഡിഒ കോടതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന നൂറു പവനിലധികം സ്വർണവും, ഇതുകൂടാതെ വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. കളക്ടറിലേറ്റിൽ നിന്നും തൊണ്ടിമുതലുകള്‍ കാണായാതതിന് കഴിഞ്ഞ മാസം 31നാണ് സബ് കളക്ടറുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തത്. കളക്ടേറ്റിൽ നിന്നും തൊണ്ടിമുതലുകൾ മോഷ്ടിച്ച കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്തിരുന്നു.
ഇക്കാര്യത്തിൽ ഉത്തരവ് വൈകുന്നതിൽ വിമര്‍ശനം മുറുകുന്നതിനിടെയാണ് പ്രതിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്‍തത്. ആര്‍ഡിഒ കോടതി ലോക്കറിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് മോഷത്തിന് പിന്നിലെന്ന് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു. പോലീസിൻ്റെ വിശദമായ പരിശോധനയിൽ ഏതാണ്ട് 110 പവൻ സ്വര്‍ണം മോഷണം പോയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.